സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ആര്. ബിന്ദു
Friday, November 29, 2024 11:14 AM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. വൈസ് ചാന്‍സലര്‍ പദവി ഒഴിവായി കിടക്കുന്നു എന്നത് കൊണ്ട് മാത്രമാണ് കോടതി സ്റ്റേ നല്‍കാതിരുന്നതെന്നും അവർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പാനലില്‍നിന്നായിരിക്കണം വൈസ് ചാന്‍സലറെ നിയമിക്കേണ്ടതെന്ന് സാങ്കേതിക സര്‍വകലാശാലയുടെ ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അതിന് വിരുദ്ധമായ നിയമനമാണ് നടന്നിരിക്കുന്നത്.
സര്‍വകലാശാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍നിന്ന് വ്യതിചലനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയ നീക്കങ്ങള്‍ സുവ്യക്തമാണ്. അത് മുമ്പും തെളിഞ്ഞതാണ്. അത് വിദ്യാഭ്യാസമേഖലയ്ക്ക് നേട്ടമുണ്ടാക്കില്ല.
സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ തടയിടുക എന്ന ഉദ്ദേശമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് വ്യക്തമാകുകയാണെന്നും മന്ത്രി പറഞ്ഞു.