കള്ളപ്പണയിടപാട് നടത്തിയോ..? നടൻ സൗബിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
Thursday, November 28, 2024 5:13 PM IST
കൊച്ചി: നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തുനന്ത്.
പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. സിനിമാ നിർമാണ കമ്പനികളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നതെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
ഇന്ന് ഉച്ചയോടു കൂടി ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. സാമ്പത്തിക ഇടപാടുകളുടെ മറവിൽ പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാട് നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു.
തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.
സംഭവത്തിൽ സൗബിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.