പന്നിക്കെണിയിൽ കുടുങ്ങിയതല്ല; വിരുപ്പാക്കയിലെ യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്
Thursday, November 28, 2024 2:04 PM IST
തൃശൂർ: വടക്കാഞ്ചേരി വിരുപ്പാക്കയിൽ 48കാരനെ തെങ്ങിൻതോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിരുപ്പാക്ക സ്വദേശി ഷെരീഫ് പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ചതല്ലെന്നും ജീവനൊടുക്കിയതാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.
ഇന്നു രാവിലെയാണ് പ്രവാസി മലയാളി കൂടിയായ ഷെരീഫിനെ വിരുപ്പാക്കത്ത് തെങ്ങിന്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം വൈദ്യുതി വേലിയുമുണ്ട്. സമീപത്ത് കുറേ വയര്‍ കഷണങ്ങളും കിടന്നിരുന്നു. പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റതാകാമെന്നായിരുന്നു നാട്ടുകാര്‍ സംശയിച്ചത്. എന്നാൽ വടക്കാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്കെത്തിയത്.
പോലീസ് നടത്തിയ പരിശോധനയിൽ കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയതായി കണ്ടെത്തി. തൊട്ടു മുകളിലുള്ള വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഓലമടലിൽ ചുറ്റി ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇലക്ട്രിക് വയർ ഷെരീഫ് വീട്ടിൽ നിന്നു കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു.