നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്
Thursday, November 28, 2024 10:14 AM IST
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.
ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.
ഗര്‍ഭകാലത്ത് സ്കാനിംഗിൽ പലതവണ നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.