വളപട്ടണത്ത് വൻകവർച്ച; വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരുകോടി രൂപയും 300 പവനും കവർന്നു
മോഷണം നടന്ന വളപട്ടണം മന്നയിലെ കെ.പി. അഷറഫിന്റെ വീട്
Monday, November 25, 2024 9:01 AM IST
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 300 പവനിലധികം വരുന്ന സ്വർണ-വജ്രാഭരണങ്ങളും ഒരുകോടി രൂപയും മോഷണം പോയി. നേരിയരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി. അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോടു ചേർന്ന വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.
20ന് രാത്രി എട്ടിനും 21 പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് അനുമാനം. കഴിഞ്ഞ 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സെന്റർ ഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച മുറിയുടെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് ലോക്കർ തുറന്ന് കിടക്കുന്നതായും സാധനങ്ങൾ വലിച്ചുവാരി താഴെയിട്ടതായും കണ്ടത്. വീട്ടിലെ എല്ലാ മുറിയിലെയും അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു.
ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയും സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തുകയും ചെയ്തു. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ മോഷ്ടാക്കൾ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. അഷറഫിന്റെ ഉമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും മാതൃസഹോദരിയുടെയും മറ്റും സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഉമ്മയുടെ 50 പവൻ തൂക്കം വരുന്ന 33 സ്വർണ വളകളും 46 പവൻ വരുന്ന ആറ് സ്വർണ മാലകളും ഒരുപവൻ തൂക്കം വരുന്ന ഏഴ് ഗോൾഡ് കോയിനുകളും സഹോദരി ഫാത്തിമ അഫ്സയുടെ 100 പവൻ തൂക്കം വരുന്ന ഡയമണ്ട് നെക്കലേസും അഞ്ചുപവൻ വീതം തൂക്കം വരുന്ന മുന്ന് ചെറിയ ഡയമണ്ട് നെക്കലേസുകളും 25 പവൻ തൂക്കം വരുന്ന 10 ഡയമണ്ട് വളകളും അഞ്ചുപവൻ തൂക്കം വരുന്ന ഒരു പേർഷ്യൻ സ്റ്റോൺ മാലയും 42 പവൻ തൂക്കം വരുന്ന 21 സ്വർണ വളകളും ഒരു പവൻ വീതം തൂക്കമുള്ള മൂന്ന് പ്ലാറ്റിനം ചെയ്നുകളും 50 പവൻ സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നുപേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സ്വർണാഭരണങ്ങൾ മോഷണം പോയോ എന്ന് അഷറഫിന്റെ പിതാവിന്റെ മൊഴിയെടുത്താൽ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ റൂറൽ എസ്പി അനൂജ് പരിവാളിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.