ദീർഘദൂര പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
Friday, November 15, 2024 6:36 AM IST
മലപ്പുറം: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 140 കിലോ മീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ലെന്ന് പരാതി. പെർമിറ്റ് പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു.
2023 മേയ് നാലു മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
ഈ മാസം ആറാം തീയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നൽകാൻ തയാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.