ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ വിരമിച്ചു
Monday, October 7, 2024 6:14 PM IST
ന്യൂഡൽഹി: ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സില്‍ ഇന്ത്യക്കായി പങ്കെടുത്ത ആദ്യ വനിതാ താരമാണ് ദിപ. പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഭാവിയില്‍ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളിലും പരിശീലക, ഉപദേഷ്ടാവ് റോളുകളില്‍ എത്താനും ശ്രമം നടത്തുമെന്നും വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.
2016ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത താരത്തിന് മെഡല്‍ തലനാരിയഴ്ക്കാണ് നഷ്ടമായത്. ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടകരമായ പ്രൊദുനോവ് വോള്‍ട്ട് അവതരിപ്പിച്ച ദീപ ഫൈനലില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ വെറും 0.15 പോയിന്റിനാണ് ദിപക്ക് അന്ന് നഷ്ടമായത്.
ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹിരോഷമിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കലം നേടിയിരുന്നു.