ടെൽ അവീവിലെ വെടിവയ്പ്പ്; മരണം എട്ടായി; ഒന്പത് പേർക്ക് പരിക്ക്
Wednesday, October 2, 2024 8:51 AM IST
ടെൽ അവീവ്: മിസൈൽ ആക്രമണത്തിനിടെ ഇസ്രയേലിലെ ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഒന്പത് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്.
ഇസ്രയേലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ജാഫയിൽ വെടിവയ്പ്പുണ്ടായത്. ജറുസലേം ബൊളിവാർഡിലെ ലൈറ്റ്-റെയിൽ സ്റ്റോപ്പിന് സമീപമുള്ള ട്രെയിനിൽ നിന്ന് കറുത്ത വസ്ത്രം ധരിച്ച് വന്ന രണ്ട് പേർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.
പ്രത്യാക്രമണത്തിൽ പോലീസ് ഇവരെ കൊലപ്പെടുത്തി. ആക്രമണം നടത്തിയത് രണ്ട് പലസ്തീൻകാരാണെന്ന് ഇസ്രയേൽ അറിയിച്ചു.