മലപ്പുറം പരാമർശം; മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റായി നൽകി, പത്രം തിരുത്തണമെന്ന് പ്രസ് സെക്രട്ടറി
Tuesday, October 1, 2024 2:46 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിനു കത്ത് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി.
മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രം തെറ്റായി വ്യാഖ്യാനിച്ചു. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ല. കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദത്തിന് ഉപയോഗിച്ചെന്നാണ് ഉദ്ദേശിച്ചതെന്നും പത്രത്തിന് നൽകിയ കത്തിൽ പ്രസ് സെക്രട്ടറി വ്യക്തമാക്കി.
വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചയ്ക്ക് വഴിവച്ചു. വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മലപ്പുറം പരാമർശത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് തിരുത്ത് ആവശ്യപ്പെട്ടത്.
മലപ്പുറത്ത് സ്വർണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.