സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിൽ തന്നെ
Wednesday, September 25, 2024 12:47 PM IST
കണ്ണൂര്‍: തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇ.പി. ജയരാജൻ പങ്കെടുക്കുന്നില്ല. പാപ്പിനിശേരി അരോളിയിലെ വീട്ടിൽ തന്നെയാണ് ജയരാജനുള്ളത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ശേഷമുള്ള സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഒന്നും ജയരാജൻ പങ്കെടുത്തിരുന്നില്ല.
അതേസമയം, ഇന്നലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ ജയരാജൻ പങ്കെടുത്തിരുന്നു. കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയ ശേഷം കണ്ണൂരിലുണ്ടായിട്ടും പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ചരമവാർഷിക പരിപാടിയിലും അഴിക്കോടൻ രക്തസാക്ഷിത്വ പരിപാടിയിലും പാർട്ടിയുമായി ബന്ധപെട്ട വിവിധ യോഗങ്ങളിലും ഇ.പി പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിഐടിയു നേതാവ് എം.എം. ലോറൻസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വദിനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് പറഞ്ഞിരുന്നത്. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത് ആയുർവേദ ചികിത്സയിലായിരുന്നുവെന്നായിരുന്നു.
ഈ രണ്ടു പരിപാടികളിലും ഇ.പി പങ്കെടുക്കാതിരുന്നതിന്റെ വിശദീകരണം നല്കിയതാകട്ടെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജനായിരുന്നു. ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി നടത്തിയ ചർച്ചയിൽ അനുരജ്ഞനമുണ്ടായില്ലെന്നാണ് സൂചന. അതാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് പുറത്തുവരുന്ന വിവരം.
സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ യുഡിഎഫും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും കള്ളപ്രചാരണങ്ങൾ നടതത്തുന്നുവെന്നാരോപിച്ച് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും പൊതുയോഗത്തിലും ചൊവ്വാഴ്ച ഇ.പി ആദ്യാവസാനം പങ്കാളിയായിരുന്നു. മുൻനിരയിൽ നിന്ന് പ്രതിഷേധ മാർച്ച് നയിച്ച ഇ.പി പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ ആദ്യാവസാനം അദ്ദേഹം യുഡിഎഫിനെയും ബിജെപിയെയും അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.