ലെബനനിലെ ഇസ്രയേൽ ആക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
Wednesday, September 25, 2024 6:34 AM IST
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി. 1835പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഭീകരര്‍ക്കെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഗ്രാഫിക്സ് വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.
ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വീടുകളുടെ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒളിപ്പിച്ച ദീര്‍ഘദൂര റോക്കറ്റകളും ഇസ്രയേല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ കാണാം.