മലപ്പുറത്തെ എംപോക്സ് കേസ്; അതീവഗുരുതര വകഭേദമെന്ന് സ്ഥിരീകരണം
Tuesday, September 24, 2024 9:00 AM IST
ന്യൂഡൽഹി: മലപ്പുറത്തെ എംപോക്സ് കേസ് അതീവഗുരുതരമായ ക്ലേഡ് 1 ബി വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. അതിതീവ്ര വ്യാപന സാധ്യതയുള്ള വകഭേദമാണിത്.
കഴിഞ്ഞയാഴ്ച യുഎഇയില്‍നിന്ന് മലപ്പുറത്തെത്തിയ 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 23 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. ഇവര്‍ക്കാര്‍ക്കും നിലവില്‍ രോഗലക്ഷണമില്ല.
അതേസമയം സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ അഞ്ച് ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും.
മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എംപോക്സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശം നൽകി.