മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് അതിഷി മര്‍ലേന; ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു
Monday, September 23, 2024 3:34 PM IST
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി രാജ്ഭവനിൽവച്ച് നടന്ന ചടങ്ങിൽ ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന് ഹുസൈന്, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചുമതലയേല്‍ക്കാനെത്തിയ അതിഷി മുഖ്യമന്ത്രിയുടെ കസേരയ്ക്ക് സമീപം മറ്റൊരു കസേരയിട്ടാണ് ഇരുന്നത്. മുഖ്യമന്ത്രിയുടെ കസേര അരവിന്ദ് കേജരിവാളിന് മടങ്ങിയെത്താനായി ഒഴിച്ചിടുകയാണെന്ന് അതിഷി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കേജരിവാളിനെ ഡല്‍ഹിയിലെ ജനങ്ങള്‍ അംഗീകരിക്കുന്നതുവരെയാകും താന്‍ മുഖ്യമന്ത്രിയായിരിക്കുകയെന്നും അതിഷി വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയിലിൽനിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. പിന്നീട് ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ കേജരിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്.