ഗാലെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Sunday, September 22, 2024 6:16 PM IST
ഗാലെ: ശ്രീലങ്ക-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാനദിനം ലങ്കയ്ക്ക് ജയിക്കാൻ രണ്ട് വിക്കറ്റുകളും കിവീസിന് ജയം 68 റൺസ് അകലെയുമാണ്. 91 റൺസുമായി ക്രീസിലുള്ള രച്ചിൻ രവീന്ദ്രയിലാണ് കിവീസിന്റെ പ്രതീക്ഷകൾ അത്രയും.
275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടിം സൗത്തിയും സംഘവും നാലാം ദിനം കളിനിർത്തുമ്പോൾ 207/8 എന്ന നിലയിലാണ്. 91 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തുന്ന രവീന്ദ്രയ്ക്ക് കൂട്ടായി അജാസ് പട്ടേലാണ് ക്രീസിൽ.
കെയിൻ വില്യംസൺ (30), ടോം ബ്ലണ്ഡൽ (30), ടോം ലാതം (28) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ രവീന്ദ്രയ്ക്ക് പിന്തുണ നൽകിയത്. മറ്റ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ലങ്കയ്ക്കായി പ്രഭാത് ജയസൂര്യയും രമേഷ് മെൻഡിസും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.