വസ്തു തർക്കം; യുവാവിനെ ബന്ധു കൊലപ്പെടുത്തി
Thursday, September 5, 2024 5:27 AM IST
ഗുരുഗ്രാം: ഗുരുഗ്രാമിൽ വസ്തു തർക്കത്തെ തുടർന്ന് യുവാവ് ബന്ധുവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ബന്ധുവിന്റെ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. രാകേഷ് കുമാർ(20) ആണ് കൊല്ലപ്പെട്ടത്.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ആക്രമി ഉറങ്ങിക്കിടന്ന രാകേഷിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് രാകേഷിന്റെ സഹോദരൻ രാജേഷ് പോലീസിനോട് പറഞ്ഞു.
കുടുംബ വസ്തുവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം നേരത്തെ പഞ്ചായത്തിൽ ഒത്തുതീർപ്പായിരുന്നു. ബുധനാഴ്ച്ച ബന്ധുവായ രവീന്ദർ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന രാകേഷിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് രാജേഷ് പോലീസിൽ പരാതി നൽകി.
രാകേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്റെ അമ്മയെയും രവീന്ദർ ആക്രമിച്ചെന്ന് രാജേഷ് ആരോപിച്ചു. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാകേഷ് മരിച്ചിരുന്നു. രവീന്ദറിനെ പിടികൂടാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.