കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി.കെ.ശശിയെ നീക്കണം: പാലക്കാട് സിപിഎം
Tuesday, September 3, 2024 5:12 PM IST
പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കും.
ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. ഈ കാര്യങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു. വിവിധ ആരോപണങ്ങളെ തുടർന്നു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു.
തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു ശശിക്കെതിരെ നടപടിയുണ്ടായത്.
മണ്ണാർക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളാണ് ശശിക്കെതിരെ ഉയർന്നത്.