നെടുമങ്ങാട് വിനോദ് വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ, മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
Wednesday, August 21, 2024 2:58 PM IST
തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയായിട്ടുള്ള ഉണ്ണി ജയിലിൽ നിന്നിറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസിലെ ആറു പ്രതികളിൽ രണ്ടുപേരെ വെറുതെ വിട്ടു.
നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു.