ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്കെന്ന് സുചന; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
Monday, July 8, 2024 6:47 AM IST
പാരീസ്: ഫ്രാൻസിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം ഒന്നാമതെന്ന് സുചന. സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഇടതു നേതാക്കൾ അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിലെ ഫല സൂചനകൾ പ്രകാരം ഫ്രാൻസിൽ ഇടതുപക്ഷം ഏറ്റവും വലിയ മുന്നണി ആകുമെന്നാണ് വ്യക്തമാകുന്നത്.
ഇമ്മാനുവൽ മാക്രോണിന്റെ മധ്യപക്ഷ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മുന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ കൂട്ടുകക്ഷി മന്ത്രിസഭ ആയിരിക്കും ഫ്രാൻസിൽ അധികാരത്തിൽ എത്തുക.
ഇടതുപക്ഷത്തിന് 172 മുതൽ 192 വരേ സീറ്റുകൾ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. മക്രോണിന്റെ മധ്യപക്ഷ പാർട്ടിക്കാകട്ടെ 150 മുതൽ 170 സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന.
നാഷണൽ റാലി അധികാരത്തിലെത്തുമെന്നായിരുന്നു സർവേ ഫലങ്ങൾ. അവിശുദ്ധ ഇടത് സഖ്യമാണ് പരാജയത്തിന് കാരണമെന്ന് നാഷണൽ റാലി നേതാക്കൾ പ്രതികരിച്ചു. ഫലസൂചനകൾ വന്നതിന് പിന്നാലെ പാരീസിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്.