ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്കോര്‍; ദക്ഷിണാഫ്രിക്ക 367 റണ്‍സ് പിന്നില്‍
Saturday, June 29, 2024 6:32 PM IST
ചെന്നൈ: ഇന്ത്യന്‍ വനിതകളും ദക്ഷിണാഫ്രിക്കന്‍ വനിതകളും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 603 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എടുത്തിട്ടുണ്ട്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 525 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 78 റണ്‍സ് കൂടി ചേര്‍ത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ ഹര്മന് പ്രീതും റിച്ച ഘോഷും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഹര്‍മന്‍പ്രീത് 69 ഉം റിച്ച 86 ഉം റണ്‍സെടുത്തു. ഷെഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും ഗംഭീര പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ എടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 96 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന സൂന് ലൂസും മരിസാനെ കാപ്പും പിടിച്ചുനിന്നു. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി. ടീം സ്കോര്‍ 189ല്‍ നില്‍ക്കെ ലൂസ് പുറത്തായി. പിന്നീട് വന്ന ഡെല്‍മി ടക്കര്‍ പെട്ടെന്ന് പുറത്തായി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മരിസാനെ കാപ്പും നഡൈന്‍ ഡി ക്ലര്‍ക്കും ആണ് ക്രീസിലുള്ളത്. ഇന്ത്യയെക്കാള്‍ 367 റണ്‍സ് പിന്നിലാണ്. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ റാണ മൂന്ന് വിക്കറ്റുകളും ദീപ്തി ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.