സിപിഎം യോഗങ്ങളിൽ മുഖ്യ ഇര ഇ.പി; പിണറായിക്കും ബാലനും രൂക്ഷവിമർശനം
സ്വന്തം ലേഖകന്‍
Tuesday, June 25, 2024 2:54 PM IST
കോഴിക്കോട്: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ സിപിഎമ്മില്‍ പടയൊരുക്കം. തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പ്രധാന ടാര്‍ജെറ്റ് ഇ.പിയാണ്.
മുഖ്യമന്ത്രിക്കെന്നപോലെ ജയരാജനെതിരേയും അതിരൂക്ഷമായ വിമര്‍ശനമാണ് ജില്ലാ കമ്മിറ്റികളില്‍ ഉയരുന്നത്. എ.കെ. ബാലന്റെ പ്രസ്താവനകള്‍ക്കെതിരേയും രോഷം ശക്തമാണ്. ഇ.പിയുടെ ബിജെപി ബന്ധമാണ് പ്രധാനമായും വിമര്‍ശനത്തിനു കാരണമായിട്ടുള്ളത്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് കമ്മിറ്റികളിൽ ഉയർന്ന പ്രധാന സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നതു തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായതായി വിവിധ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു.
ഇതിന് പുറമേ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും രൂക്ഷ വിരമർശനത്തിന് കാരണമായി. ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കമ്മിറ്റികളിൽ പ്രതിനിധികൾ തുറന്നടിച്ചു.
മുന്‍ മന്ത്രി എ.കെ. ബാലനെയും ജില്ലാ കമ്മിറ്റികളിൽ വെറുതെവിട്ടിട്ടില്ല. സിപിഎം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നം നിലനിര്‍ത്താനാണെന്നും ഇല്ലെങ്കില്‍ പാമ്പും കോണിയുമെല്ലാം തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കേണ്ടിവരുമെന്നുമുള്ള ബാലന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്ന് വിമര്‍ശനമുയര്‍ന്നു.
മിക്ക സമയത്തും പാര്‍ട്ടി പ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കുന്ന പ്രസ്താവനകളാണ് ബാലന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനു കടിഞ്ഞാണ്‍ വേണമെന്ന് ചര്‍ച്ചകളില്‍ പരാമര്‍ശമുണ്ടായി. എറണാകുളം, കൊല്ലം, കോഴിക്കാട്, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികളിലാണു നേതാക്കൾെക്കതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറ്റണമെന്നും യോഗങ്ങളില്‍ ആവശ്യമുയര്‍ന്നു. ധിക്കാരത്തിന്റെ ഭാഷയിലാണ് മിക്കപ്പോഴും മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. മൈക്കിനോടുപോലും മുഖ്യമന്ത്രി ദേഷ്യപ്പെട്ടത് പൊതുസമൂഹത്തില്‍ മേശമായ സന്ദേശമാണു നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകള്ക്കെതിരേ നവകേരള യാത്രയ്ക്കിടെ നടന്ന ആക്രമണത്തെ ജീവന് രക്ഷാപ്രവര്‍ത്തനമായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിനു വഴിവച്ചു. എക്സാലോജിക് വിഷയത്തില്‍ മകളുടെ നിരപരാധിത്വം വ്യക്തമാക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ടിയിരുന്നു. ഉയർന്ന ആരോപണങ്ങളോട് മുഖ്യമന്ത്രി മിണ്ടാതിരുന്നത് തെറ്റായ സന്ദേമാണ് പകര്ന്നുനല്കിയത്.
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യവും യോഗങ്ങളില്‍ ഉയര്‍ന്നു. ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. പോലീസിനെ ഉപയോഗിച്ച് സമരങ്ങള്‍ അടിച്ചൊതുക്കിയതു തിരിച്ചിടയായി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിക്കെതിരേയും വിമര്‍ശനമുണ്ടായി. രണ്ടു ലോക്സഭാ സീറ്റ് കിട്ടിയാലും വിജയമാണെന്ന് ഗോവിന്ദന് മാധ്യമങ്ങളോടു പറഞ്ഞത് തോല്‍വി മുന്‍കൂട്ടി കണ്ടാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പലപ്പോഴും ഗോവിന്ദന്റെ ശരീരഭാഷ മടുപ്പുളവക്കുന്നതായും ചര്‍ച്ചകളില്‍ പരാമര്‍ശമുണ്ടായി.
പിണറായിയുടെ രണ്ടാം മന്ത്രിസഭ ജനങ്ങളില്‍നിന്ന് അകന്നുവെന്നതാണ് എല്ലാ ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്ന പൊതുവായ വിമര്‍ശനം. ജനപക്ഷത്തുനിന്നുള്ള പദ്ധതികള്‍ ഉണ്ടായില്ല. വിവാദങ്ങളില്‍ കുടുങ്ങികിടന്നതിനാല് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയതും വിലക്കയറ്റവും മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്ലെറ്റുകളും നോക്കുകുത്തിയായതുമെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി വിമര്‍ശനമുണ്ടായി.