മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എസ്എഫ്ഐ സമരത്തിലേക്ക്
Friday, June 21, 2024 5:02 PM IST
തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് എസ്എഫ്ഐ. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും വിദ്യാർഥികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് എസ്എഫ്ഐ ദേശിയ പ്രസിഡന്റ് വി.പി.സാനു പറഞ്ഞു.
പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെന്നും പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വി.പി.സാനു പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരമുഖത്തേക്ക് കടക്കുമെന്നും എസ്എഫ്ഐ വിദ്യാർഥികൾക്ക് ഒപ്പമാണെന്നും വി.പി.സാനു വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. ബിജെപിക്ക് നേരിട്ട് പങ്കുണ്ടോ എന്നാണ് പുറത്ത് വരേണ്ടത്. സിബിഐ അന്വേഷണം കൊണ്ട് അത് പുറത്ത് വരില്ല. ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.