യൂറിന്‍ സാമ്പിള്‍ നല്‍കിയില്ല; ബജ്റംഗ് പൂനിയയ്ക്ക് സസ്പെന്ഷന്
Sunday, May 5, 2024 12:05 PM IST
ന്യൂഡല്‍ഹി: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെന്ഷന്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയുടേതാണ് നടപടി. ട്രയല്‍സില്‍ യൂറിന്‍ സാമ്പിള്‍ നല്കാന് വിസമ്മതിച്ചതോടെയാണ് സസ്പെന്ഷന്.
മാര്‍ച്ച് 10ന് സോനിപത്തില്വച്ച് ഒളിംപിക്സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സ് നടന്നിരുന്നു. ഇവിടെവച്ച് യൂറിന്‍ സാമ്പിള്‍ നല്കാന് ആവശ്യപ്പെട്ടെങ്കിലും പൂനിയ വിസമ്മതിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
മേയ് ഒമ്പതിന് പാരീസ് ഒളിംപിക്സിന്റെ യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് താരത്തിനെതിരായ നടപടി. ഇനി പരിശീലന മത്സരങ്ങളില്‍ അടക്കം പങ്കെടുക്കണമെങ്കില്‍ മേയ് ഏഴിനകം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് പൂനിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് നീങ്ങും.