പ്രജ്വൽ രേവണ്ണയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തരമന്ത്രി
Tuesday, April 30, 2024 7:11 AM IST
ബംഗുളൂരു: ലൈംഗീകാരോപണമുയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണയോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെടുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
പ്രത്യേക അന്വേഷണസംഘം അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും ഇത്തരം കേസുകളിൽ 10 മുതൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് സമയക്രമത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പ്രതികൾക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന ഐപിഎസ് ഓഫീസർ ബി.കെ. സിംഗിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. രണ്ട് വനിതാ പോലീസ് സൂപ്രണ്ടുമാരും സംഘത്തിലുണ്ട്.
അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഇടപെടില്ല, അത് അന്വേഷണ ഏജൻസിക്ക് വിട്ടിരിക്കുകയാണ്. ലൈംഗിക വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ഏറ്റെടുത്ത്, അവ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) പരിശോധനയ്ക്കായി അയയ്ക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
പ്രജ്വല് രേവണ്ണ വിദേശ രാജ്യത്തേക്ക് പോയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇയാളെ എസ്ഐടി ഇന്ത്യയിലേക്ക് തിരികെ വിളിക്കുമെന്നും പരമേശ്വര പറഞ്ഞു. എസ്ഐടി റിപ്പോർട്ട് ലഭിച്ചാലുടൻ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള സാധ്യതയെക്കുറിച്ച് എസ്ഐടി ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും പരമേശ്വര പറഞ്ഞു. പരാതിക്കാർക്കും ഇരകൾക്കും ആവശ്യമെങ്കിൽ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.