അനിൽ ആന്റണിയെ പത്തനംതിട്ടയിൽ ആർക്കും അറിയില്ല; നീരസം പരസ്യമാക്കി ജോർജ്
Saturday, March 2, 2024 7:24 PM IST
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ നീരസം പരസ്യമാക്കി അടുത്തിടെ ബിജെപിയിൽ ചേർന്ന കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങൾ നടത്തിയിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ താൻ ലോകത്താരോടും സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. താൻ പത്തനംതിട്ടയിൽനിന്നു മത്സരിക്കണമെന്ന് എൻഡിഎയുടെ നേതാക്കൾ ആഗ്രഹിച്ചിരുന്നു. അവർ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താൻ സ്ഥാനാർഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോൾ താനും ആഗ്രഹിച്ചിരുന്നുവെന്നും പി.സി തുറന്നു പറഞ്ഞു.
താൻ പത്തനംതിട്ടിയിൽ സ്ഥാനർഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. ഇത്രയും പേരുടെയും എതിർപ്പുള്ളപ്പോൾ എന്തിനാണ് താൻ സ്ഥാനാർഥിയാകുന്നത്.
തനിക്ക് സീറ്റ് വേണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. അഞ്ച് ദിവസം മുൻപ് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയെ പത്തനംതിട്ടയിൽ അറിയുന്നവർ ഇല്ല. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതൽ വേണ്ടിവരും. സ്ഥാനാർഥിയായിരുന്നെങ്കിൾ താൻ ഓടുന്നതിനേക്കാൾ കൂടുതൽ ഓടിയാൽ മാത്രമേ അനിലിനെ പരിചയപ്പെടുന്നതാൻ സാധിക്കു. അങ്ങനെ ഒരു പ്രശ്നമുണ്ട്. എല്ലാം ശരിയാക്കി എടുക്കണമെന്നും ജോർജ് കൂട്ടിച്ചേർത്തു.