അരിക്കൊമ്പൻ ചരിഞ്ഞോ; വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്
Tuesday, February 13, 2024 8:12 PM IST
കാട്ടാക്കട: അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തി. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പനുള്ളതായും വനം വകുപ്പ് അധികൃതർ പറഞ്ഞു.
അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി മൂന്ന് കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനംവകുപ്പ് പുറത്തുവിട്ടു.
ഇടുക്കിയിലെ വനമേഖലയിൽ നിന്ന് ആദ്യം പിടികൂടി 2023 ജൂണിൽ തിരുനെൽവേലിയിലെ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവിലെ (കെഎംടിആർ) കോതയാർ മേഖലയിലേക്ക് മാറ്റിയ ആന ആരോഗ്യവാനാണെന്ന് വകുപ്പ് അറിയിച്ചു.
അരിക്കൊമ്പന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ "ക്ഷുദ്രകരവും വ്യാജവുമാണ്' എന്ന് കെഎംടിആർ കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ മാരിമുത്തു പറഞ്ഞു. കെഎംടിആറിലാണ് ആനയെ വിട്ടയച്ചതെന്നും അപ്പർ കോടയാർ അണക്കെട്ട് പ്രദേശത്ത് നല്ല നിലയിൽ സ്ഥിരതാമസമാക്കിയതായി നിരീക്ഷിച്ചിട്ടുണ്ടെന്നും വനം കൺസർവേറ്റർ പറഞ്ഞു.