വനംമന്ത്രിക്കതിരേ രോഷം ശക്തം; ഇടതു മുന്നണിയിലും ഭിന്നത
Monday, February 12, 2024 5:10 PM IST
കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ കര്‍ഷകനായ ട്രാക്ടര്‍ ഡ്രൈവറെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ രോഷം ശക്തമാകുന്നു. മന്ത്രിക്കെതിരേ ഇടതുമുന്നണിയിലെ ഘടകകക്ഷികളും രംഗത്തുവന്നുകഴിഞ്ഞു.
വനംവകുപ്പിനെ നയിക്കുന്നതില്‍ പരാജയപ്പെട്ട എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എന്‍സിപിയിലെ വിമത വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ജനരോഷം ഭയന്ന് ഒളിച്ചോടുകയാണ് മന്ത്രിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പടമല ചാലിഗദ്ദയിലെ കര്ഷകന് പനച്ചിയില്‍ അജീഷിനെയാണ് കഴിഞ്ഞ ശനിയാഴ്ച പിന്തുടര്ന്നെത്തിയ കാട്ടാന ഒരു വീടിന്റെ മുറ്റത്തിട്ട് ചവിട്ടിക്കൊന്നത്. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ട ബേലൂര്‍ മഖ്ന എന്ന കാട്ടാന വയനാടന്‍ കാടുകളിലെത്തിയതായി കേരള വനംവകുപ്പിനു വിവരം ലഭിച്ചിരുന്നു.
ജനുവരി അഞ്ചിന് ആനയെത്തിതെന്ന് വയനാട് സിസിഎഫും മാധ്യമ പ്രവര്ത്തകേരാടു സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആനയെ കണ്ടെത്താന്‍ നടപടിയുണ്ടായിരുന്നില്ല. കര്‍ണാടക വനം വകുപ്പിനോട് റേഡിയോ കോളര്‍ വിവരങ്ങള്‍ തേടിയെങ്കിലും അവര്‍ വിവരം നല്‍കിയിരുന്നില്ല. വകുപ്പുമന്ത്രി ഇടപെട്ടിരുന്നുവെങ്കില്‍ വിവരം കിട്ടുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മന്ത്രിതലത്തില്‍ ഇതിന്റെ ഏകോപനം ഉണ്ടായില്ല. സംഭവം നടന്ന ദിവസം ഉദ്യോഗസ്ഥരും മന്ത്രിയും സ്ഥലത്തെത്താത്തതില്‍ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. നാട്ടുകാര്‍ മൃതദേഹവുവുമായി മാനന്തവാടിയില്‍ റോഡ് ഉപരോധം സംഘടിപ്പിച്ചിരുന്നു.
സംഭവം നടന്ന ശനിയാഴ്ച മന്ത്രി ശശീന്ദ്രന് കോഴിക്കോട്ട് ഉണ്ടായിരുന്നു. എന്നാല്‍ ജനരോഷം ഭയന്ന് അദ്ദേഹം വയനാട്ടിലേക്ക് പോയില്ല. മന്ത്രിക്കെതിരേ വികാരം ശക്തമാണെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വയനാട്ടിലേക്ക് പോകാതിരുന്നത്.
ശനിയാഴച വൈകിട്ട് മുതലക്കുളത്തു നടന്ന എന്‍സിപിയുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ മന്ത്രി സംബന്ധിച്ചിരുന്നു. അന്നു രാത്രിയില്‍ അദ്ദേഹം തൃശൂരിലേക്കു പോയി. അവിടെ വച്ചാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. തൃശൂരില്‍ നിന്ന് നിയമസഭയില്‍ സംബന്ധിക്കാന്‍ തിരുവനന്തപുരത്തേക്ക് പോയി.