രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യമെന്ന പ്രസംഗം; പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരേ ഐഎന്‍എല്‍
Sunday, February 4, 2024 11:13 AM IST
തിരുവനന്തപുരം: രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം വിവാദത്തില്‍. തങ്ങളുടെ പരാമര്‍ശത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്.
ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വ അജണ്ട അറിയാത്തവരല്ല ആളുകളെന്നും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനെന്നും ഐഎന്‍എല്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ അസീസ് വിമര്‍ശിച്ചു.
ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്നത് സവര്‍ണ അഗ്രസീവ് ഹിന്ദുത്വമാണ്. അതിനെതിരായി മതേതര കക്ഷികളെല്ലാം നിലകൊള്ളുമ്പോള്‍ അയോധ്യത്തില്‍ അന്യായമായി പണിതുയര്‍ത്തിയ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന് തങ്ങള്‍ പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മുസ്ലീം ലീഗിന് മുസ്ലീം സാമൂദായിക താത്പര്യമാണോ അതോ ആര്‍എസ്എസിന്റെ താത്പര്യമാണോ വലുതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ജനുവരി 24ന് വയനാട്ടില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
അയോധ്യയിലെ രാമക്ഷേത്രവും അവിടെ നിര്‍മിക്കാനിരിക്കുന്ന ബാബറി മസ്ജിദും ഒരേ പോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്നായിരുന്നു പരാമര്‍ശം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്റെ ആവശ്യമാണ് രാമക്ഷേത്രം.
അതില്‍ പ്രതിഷേധിക്കേണ്ട ആവശ്യമില്ല.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ക്ഷേത്രവും കോടതി നിര്‍ദേശമനുസരിച്ച് നിര്‍മിക്കാനിരിക്കുന്ന ബാബറി മസ്ജിദും ഇന്ത്യയുടെ മതേതരത്വത്തിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്ന് മുസ്ലീംഗൾക്ക് പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ കഴിഞ്ഞു.ഇക്കാര്യത്തില്‍ രാജ്യത്തിന് മുഴുവന്‍ മാതൃകയാകാന്‍ കേരളത്തിലെ മുസ്ലീംഗൾക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.