മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ
Monday, January 29, 2024 7:00 AM IST
തെഹ്റാൻ: സ്വന്തമായി വികസിപ്പിച്ച മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. ഗവേഷണാവശ്യങ്ങൾക്കുള്ള മെഹ്ദ, വാർത്താവിനിമയ സൗകര്യങ്ങൾക്കുള്ള കയ്ഹാൻ-രണ്ട്, ഹാതിഫ്-ഒന്ന് എന്നീ ഉപഗ്രഹങ്ങളുമാണ് സിംറോഹ് റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ചത്.
സിംറോഹ് റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതു നേരത്തേ ഇറാന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഇറാനിലെ സിംനാൻ പ്രവിശ്യയിലെ ഇമാം ഖുമൈനി ബഹിരാകാശ നിലയത്തിൽനിന്നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം ഇറാന്റെ നീക്കത്തെ പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചു. ഫ്രാൻസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ ഉപഗ്രഹവിക്ഷേപണത്തെ അപലപിച്ച് രംഗത്തെത്തി.