എം.ടി വാസുദേവൻ നായരുടെ പരാമർശം വളച്ചൊടിച്ചെന്ന് സജി ചെറിയൻ
Friday, January 12, 2024 10:43 AM IST
തിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പരാമർശം വഴിതിരിക്കുന്നത് നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പൂണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എം.ടിയുടെ പരാമർശം മുഖ്യമന്ത്രിയെ കുറിച്ചല്ല. ജനപിന്തുണയുള്ള നേതാവാണ് പിണറായി വിജയനെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ വിമർശിച്ചത്.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം.
അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. ആള്‍ക്കൂട്ടം ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആര്‍ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം.
മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നു വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്.
തെറ്റു പറ്റി എന്നു തോന്നിയാല്‍ അതു സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്.
എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ടുതന്നയാണെന്നും എംടി കൂട്ടിച്ചേര്‍ത്തിരുന്നു.