നൂഹ് കലാപം; പശുസംരക്ഷകൻ ബിട്ടു ബജ്റംഗിക്ക് ജാമ്യം
Wednesday, August 30, 2023 6:56 PM IST
ഗുരുഗ്രാം: ഹരിയാനയിലെ നുഹ് വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗിക്ക് ജാമ്യം ലഭിച്ചു. 50,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ഗുരുഗ്രാം അഡീഷണൽ സെഷൻസ് കോടതി ബജ്റംഗിക്ക് ജാമ്യം അനുവദിച്ചത്.
സാമൂഹ്യമാധ്യമങ്ങളിൽ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച സംഭത്തിലാണ് ബജ്റംഗിക്കെതിരെ പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 15-ന് ഫരീദാബാദിലെ വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വീഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്ലിംകൾക്കെതിരായ പ്രകോപനപരമായ ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നൂഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്പി റാലിയിൽ ബജ്റംഗിയും പങ്കെടുത്തിരുന്നു.
നന്ദ് ഗ്രാമത്തിൽ വിഎച്ച്പി സംഘടിപ്പിച്ച ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയെത്തുടർന്ന് നടന്ന സംഘർഷത്തിൽ രണ്ട് ഹോംഗാർഡുമാരും ഇമാമുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.