സ്വകാര്യ സ്കൂളിന്റെ ലാബിൽ മനുഷ്യഭ്രൂണം; അന്വേഷണം ആരംഭിച്ചു
Sunday, April 9, 2023 3:02 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിലുള്ള സ്വകാര്യ സ്കൂളിന്റെ ലാബിൽ നിന്നും മനുഷ്യഭ്രൂണം കണ്ടെത്തി. ബീന ടൗണിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം.
സംഭവത്തിൽ മധ്യപ്രദേശ് ബാലാവകാശ കമ്മീഷൻ അംഗം പോലീസിൽ പരാതി നൽകി. ഏപ്രിൽ ആറിന് ബാലാവകാശ കമ്മീഷന്റെ രണ്ടംഗ സംഘം സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെയാണ് ബയോളജി ലാബിലെ ഭരണിയിൽ സൂക്ഷിച്ചിരുന്ന മനുഷ്യഭ്രൂണം കണ്ടത്. ഇതിനെക്കുറിച്ച് സ്കൂൾ അധികൃതരോട് ചോദിച്ചപ്പോൾ അവർക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല.
മെഡിക്കൽ കോളജുകളിൽ ഇത്തരത്തിൽ ഭ്രൂണം സംരക്ഷിക്കുന്നുണ്ടെങ്കിലും മറ്റുള്ള സ്ഥലങ്ങളിൽ അത് സൂക്ഷിക്കുന്നതിന് പ്രത്യേകം അനുമതി ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബീന പോലീസ് സ്റ്റേഷൻ ഇൻചാർജ് കമാൽ നിഗ്വാൾ പറഞ്ഞു.