വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും: എ.കെ. ശശീന്ദ്രൻ
Sunday, March 12, 2023 11:54 PM IST
ഇടുക്കി: ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.
അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് മാസക്കാലമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തിയ അരികൊമ്പനെ പിടിക്കുന്നതിനുള്ള പ്രത്യേക സംഘം ഈ മാസം 16 ന് ഇടുക്കിയിൽ എത്തുമെന്ന് മന്ത്രി അറിയിച്ചു. 26 ഉദ്യോഗസ്ഥരും നാല് കുങ്കിയാനകളുമടങ്ങിയ ടീമിനെ ഡോ.അരുൺ സഖറിയ നയിക്കും.
മാർച്ച് 13 -ന് ആരംഭിക്കുന്ന കൂട് പണി നാല് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. അതിന് ശേഷമാകും ആനയെ പിടിക്കാനുള്ള ശ്രമം ആരംഭിക്കുക. ആ ദിവസങ്ങളിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കും.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ ഒഴിവാക്കിയാകും 144 പ്രഖ്യാപിക്കുക. അഗ്നിരക്ഷാ സേന, ആരോഗ്യസംഘം, പോലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കും. ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു.