ഡോൾഫിനൊപ്പം നീന്താനിറങ്ങിയ പെൺകുട്ടിയെ സ്രാവ് കടിച്ചുകൊന്നു
Sunday, February 5, 2023 7:15 PM IST
സിഡ്നി: ഓസ്ട്രേലിയയിലെ പെർത്തിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനായി നദിയിൽ ഇറങ്ങിയ വിദ്യാർഥിനിയെ സ്രാവ് കടിച്ചുകൊന്നു.
സ്റ്റെല്ലാ ബെറി എന്ന 16 വയസുകാരിയാണ് മരിച്ചത്. ഫ്രെമാന്റിൽ തുറമുഖത്തിന് സമീപത്തുള്ള സ്വാൻ നദിയിൽ വച്ച് ശനിയാഴ്ചയാണ് സംഭവം നടന്നത്.
നദിയിലൂടെ ജെറ്റ് സ്കീയിൽ കുതിക്കുകയായിരുന്ന പെൺകുട്ടി, ഡോൾഫിൻ കൂട്ടത്തെ കണ്ടപ്പോൾ നീന്താനിറങ്ങുകയായിരുന്നു. പൊടുന്നനേ കുതിച്ചെത്തിയ സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏത് തരം സ്രാവ് ആണ് ആക്രമിച്ചതെന്ന് വ്യക്തമായില്ലെന്ന് അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സ്വാൻ അടക്കമുള്ള ജലാശയങ്ങളിൽ നൂറുകണക്കിന് സ്രാവുകൾ നിരന്തരമായി എത്താറുണ്ടെന്നും അപകടത്തെത്തുടർന്ന് ഫ്രെമാന്റിൽ തീരത്ത് സുരക്ഷ ശക്തമാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.