അമ്മയും കുഞ്ഞും മരിച്ച സംഭവം: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
Wednesday, December 7, 2022 12:46 PM IST
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നവജാത ശിശുവും അമ്മയും മരിച്ച കേസിൽ ചികിത്സാപ്പിഴവ് അന്വേഷിക്കാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ പ്രസവം നടന്നെങ്കിലും കുട്ടി മരിച്ചു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ അപർണയും മരിക്കുകയായിരുന്നു.
അപര്‍ണയുടെ ഹൃദയമിടിപ്പ് പെട്ടന്ന താഴ്ന്നുവെന്നും ജീവന്‍രക്ഷിക്കാനായില്ലെന്നുമാണ് അധികൃതർ അറിയിച്ചത്.