വാളയാർ ചെക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്ന് പണപ്പിരിവ്
Tuesday, December 6, 2022 12:16 PM IST
പാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) അനധികൃതമായി പണം വാങ്ങുന്നു. പരാതിയെത്തുടർന്ന് തിങ്കളാഴ്ച രാത്രി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 7,200 രൂപ പിടിച്ചെടുത്തു.
ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നു മോട്ടോർ വാഹന വകുപ്പ് വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്ന് വിജിലൻസ് സംഘം വേഷംമാറിയെത്തി തീർഥാടകരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരിശോധന നടത്തിയത്.
വിജിലൻസ് സംഘത്തെ കണ്ടയുടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പണം തിരിച്ചുകൊടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പിടികൂടിയ 7,200 രൂപയിൽ 6,000 രൂപ തന്റെ പണമാണെന്ന് ചെക്ക്പോസ്റ്റിന്റെ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപ വരെയാണ് തീർത്ഥാടകരുടെ വാഹനങ്ങളിൽ നിന്ന് പിരിവായി വാങ്ങുന്നത്. പണം കൊടുക്കാൻ മടിക്കുന്നവരെ ഏറെ നേരം ചെക്കിംഗ് എന്ന പേരിൽ ചെക്ക്പോസ്റ്റിൽ പിടിച്ചിടുന്നതായും പരാതിയുണ്ട്.