കണ്ണൂരിൽ ബാങ്ക് കവർച്ചാശ്രമം; പൂട്ട് തകർത്തു
Wednesday, October 19, 2022 1:53 PM IST
കൂത്തുപറമ്പ്: കാനറാ ബാങ്കിന്റെ മന്പറം ടൗൺ ശാഖയിൽ കവർച്ചാശ്രമം. ബാങ്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലും മറ്റൊരു പൂട്ട് തകർക്കാനുള്ള ശ്രമവും നടന്നു.
പുലർച്ചെ രണ്ടോടെയാണ് കവർച്ചാശ്രമം നടന്നതെന്ന് ബാങ്കിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയിൽ ശരീരം പൂർണമായും മൂടിയ നിലയിലുള്ള ഒരാൾ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒരു പൂട്ട് തകർത്ത ശേഷം അടുത്തത് തകർക്കാൻ ശ്രമിക്കുന്നതിനിടെ എന്തോ സംശയം തോന്നിയതിനെ തുടർന്ന് പിൻമാറുകയായിരുന്നു. സമീപത്തെ മറ്റ് സിസിടിവി കാമറകളും പരിശോധിച്ചു വരികയാണ്. പിണറായി പോലീസ് അന്വേഷണം ആരംഭിച്ചു.